തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ നീളത്തിൽ 'റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം' (RRTS) നടപ്പിലാക്കാൻ മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. നേരത്തെ പ്രഖ്യാപിച്ചിരുന്ന സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ നിന്നും സാങ്കേതിക അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.
അടുത്തിടെ ഇ.ശ്രീധരൻ കേന്ദ്രത്തിന്റെ അനുമതിയോടെ എന്ന് അവകാശപ്പെട്ട് പ്രഖ്യാപിച്ച അതിവേഗ റെയിൽപാത പദ്ധതിയേയും തള്ളിക്കൊണ്ടാണ് പുതിയ നീക്കം. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള പദ്ധതിയായിരുന്നു ശ്രീധരന്റേത്. ഇതിന് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി ഡിഎംആർസിയോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഡിപിആർ തയ്യാറാക്കുന്നതിനായി പൊന്നാനിയിൽ ഓഫീസ് തുറക്കുമെന്നും ശ്രീധരൻ പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചായിരുന്നില്ല അദ്ദേഹത്തിന്റെ നീക്കങ്ങൾ. കേന്ദ്ര റെയിൽ മന്ത്രാലയത്തിൽ നിന്ന് സംസ്ഥാനത്ത് റെയിൽവേ ചുമതയുള്ള മന്ത്രിയെന്ന നിലയിൽ തനിക്ക് ഒരു അറിയിപ്പും ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ലെന്ന് വി.അബ്ദുറഹിമാനും പറഞ്ഞിരുന്നു.
മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാമെന്നുള്ളതാണ് ന്റെ പ്രത്യേകത. പരിസ്ഥിതി ആഘാതവും ഭൂമിയേറ്റെടുക്കലും കുറയ്ക്കുന്നതിനായി തൂണുകൾക്ക് മുകളിലൂടെയുള്ള (Elevated) പാതയ്ക്കാണ് മുൻഗണന. ജനസാന്ദ്രതയേറിയ കേരളത്തിന് ഇത് കൂടുതൽ അനുയോജ്യമാണെന്ന് സർക്കാർ വിലയിരുത്തുന്നു.കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സംവിധാനങ്ങളുമായി ആർ.ആർ.ടി.എസ് സ്റ്റേഷനുകളെ ബന്ധിപ്പിക്കും.ഡൽഹി മാതൃകയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 20 ശതമാനം വീതം മുടക്കും. ബാക്കി 60 ശതമാനം തുക അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് വായ്പയായി കണ്ടെത്തും.പദ്ധതി 12 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഒന്നാം ഘട്ടം: തിരുവനന്തപുരം മുതൽ തൃശൂർ വരെ (ട്രാവൻകൂർ ലൈൻ - 284 കി.മീ). നിർമ്മാണം 2027-ൽ ആരംഭിച്ച് 2033-ൽ പൂർത്തിയാക്കും.
രണ്ടാം ഘട്ടം: തൃശൂർ മുതൽ കോഴിക്കോട് വരെ (മലബാർ ലൈൻ).
മൂന്നാം ഘട്ടം: കോഴിക്കോട് മുതൽ കണ്ണൂർ വരെ.
നാലാം ഘട്ടം: കണ്ണൂർ മുതൽ കാസർകോട് വരെ.