Share this Article
News Malayalam 24x7
നടിയെ ആക്രമിച്ച കേസ്; കോടതിയലക്ഷ്യ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
Actress Assault Case

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട വിവിധ കോടതിയലക്ഷ്യ ഹർജികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിലെ എട്ടാം പ്രതിയായ ദിലീപും, അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനിയും നൽകിയ ഹർജികളാണ് കോടതി ഇന്ന് പരിശോധിക്കുന്നത്.

വിചാരണ നടപടികൾ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതിയുടെ കർശന നിർദ്ദേശം ലംഘിച്ചുകൊണ്ട് വാർത്തകൾ സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്കെതിരെയാണ് ദിലീപ് കോടതിയലക്ഷ്യ ഹർജി നൽകിയിരിക്കുന്നത്. വിചാരണയുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും, ദിലീപിന് അനുകൂലമായ വിധി വന്ന സമയത്ത് മാധ്യമങ്ങൾ ഉന്നയിച്ച വിമർശനങ്ങൾ കോടതിയലക്ഷ്യമാണെന്നുമാണ് ഹർജിയിലെ പ്രധാന വാദങ്ങൾ.


ഒരു യൂട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായ രീതിയിൽ സംസാരിച്ച മുൻ ഡിജിപി ആർ. ശ്രീലേഖയ്‌ക്കെതിരെയാണ് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി കോടതിയലക്ഷ്യ ഹർജി നൽകിയിരിക്കുന്നത്. ഈ രണ്ട് ഹർജികളിലും കോടതി ഇന്ന് വിശദമായ വാദം കേൾക്കും.


നേരത്തെ ജനുവരി 12-ന് ഈ ഹർജികൾ പരിഗണിച്ചപ്പോൾ അഡ്വ. ടി.ബി. മിനി ഹാജരാകാത്തതിനെതിരെ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. വിചാരണ വേളയിൽ കേവലം പത്തു ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നും, അവിടെ എത്തിയാൽ തന്നെ ഉറങ്ങുന്നതാണ് പതിവെന്നും കോടതി പരിഹാസരൂപേണ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് ഇന്നത്തേക്ക് മാറ്റിവച്ചത്.


ഇന്ന് രാവിലെ തന്നെ കോടതി ഈ കേസ് ആദ്യമായി പരിഗണിക്കാനാണ് സാധ്യത. ഹർജിക്കാർ ഇന്ന് ഹാജരാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും കേസിൽ ഇന്ന് നിർണ്ണായകമായ തീരുമാനമുണ്ടാകുമോ എന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories