T.I മധുസൂദനന്‍ MLA രക്തസാക്ഷി ഫണ്ട് കട്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണനെതിരെ ജില്ലയിൽ വ്യാപക പോസ്റ്ററുകൾ. പയ്യന്നൂർ LIC ജംഗ്ഷനിലും, അന്നൂർ കാറമേൽ മുച്ചിലോട്ടിന് മുന്നിലായുമാണ് ബോർഡുകൾ സ്ഥാപിച്ചത്. ഒറ്റുകാരനെ നാട് തിരിച്ചറിയുമെന്നാണ് പോസ്റ്ററിലുള്ളത്..ആരോപണത്തിന് പിന്നാലെ വി.കുഞ്ഞികൃഷ്ണനെ തള്ളി പാർട്ടിയും രംഗത്തെത്തി. ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്..
പയ്യന്നൂര്‍ MLA ടി.ഐ മധുസൂദനനും സംഘവും പാര്‍ട്ടി രക്തസാക്ഷി ഫണ്ടില്‍ ഉള്‍പ്പെടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെ തെളിവ് സഹിതം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി എടുക്കാതെ പാര്‍ട്ടി തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചെന്നും വി കുഞ്ഞിക്കൃഷ്ണന്‍ ആരോപിച്ചിരുന്നു. അതേസമയം, വി കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളടക്കം ചര്‍ച്ച ചെയ്യാന്‍ CPIM കണ്ണൂര്‍ ജില്ലാ കമ്മിറ്റി നാളെ യോഗം ചേരും. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാകും യോഗം ചേരുക.