മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യ ഹര്‍ജിയില്‍ ഈ മാസം 28ന് വിധി പറയും. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി വിധി പറയാനായി മാറ്റികൊണ്ട് ഉത്തരവിട്ടത്. രാഹുല്‍ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം ഹാജരാക്കിയ സാഹചര്യത്തിലാണ് കേസ് മാറ്റിവച്ചത്. പരാതിക്കാരിയുമായുള്ളത് ഉഭയസമ്മദ പ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കുന്നതാണ് ശബ്ദരേഖ എന്നാണ് പ്രതിഭാഗത്തിന്റെ വാദം. ശബ്ദരേഖയുടെ ശാസ്ത്രീയ പരിശോധന വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അതേസമയം കേസില്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് കാലാവധി നീട്ടാന്‍ എസ്‌ഐടി അപേക്ഷ നല്‍കി. നിലവില്‍ മൂന്നാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്.