സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അവകാശലംഘന നോട്ടീസ്. ഭരണപക്ഷ എം.എൽ.എ. ആയ വി. ജോയ് ആണ് സ്പീക്കർ എ.എൻ. ഷംസീറിന് നോട്ടീസ് നൽകിയത്. മന്ത്രിയെ അപമാനിച്ച സംഭവത്തിൽ നിയമപരമായ നടപടി സ്വീകരിക്കണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം.
ശബരിമല സ്വർണ്ണ കവർച്ചാ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് വി.ഡി. സതീശൻ മന്ത്രിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്.
"ശിവൻകുട്ടി മന്ത്രിയായിരിക്കുന്ന കാലത്ത് സ്കൂളുകളിൽ പഠിക്കേണ്ടി വരുന്നത് കുട്ടികളുടെ ഗതികേടാണ്. ഇത്രത്തോളം വിവരദോഷികൾ ഉൾപ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല," എന്നായിരുന്നു സതീശൻ്റെ പരിഹാസം.
ഈ പരാമർശങ്ങൾ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും നിയമസഭാംഗത്തിന്റെ അവകാശങ്ങളെ ലംഘിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷം ഇപ്പോൾ സ്പീക്കർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.