കൊച്ചി: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി. മുന്‍ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറിനെതിരെ പുറപ്പെടുവിച്ച ഉത്തരവുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു.കെ എസ് അനില്‍ കുമാറിനെതിരായ കാരണം കാണിക്കല്‍ നോട്ടീസും ഇതിന്റെ തുടര്‍ നടപടികളും അടക്കമുള്ള ഉത്തരവുകളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. 10(13) ചട്ടപ്രകാരം ഏതെങ്കിലും തരത്തില്‍ നോട്ടീസ് അയയ്ക്കാന്‍ വിസിക്ക് അധികാരമുണ്ടെങ്കില്‍ അത് വിശദീകരിക്കണെമന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിശദീകരണം നല്‍കുന്നതുവരെ പഴയ ഉത്തരവുകള്‍ക്കുള്ള സ്റ്റേ തുടരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേരള സര്‍വകലാശാല വിസി-രജിസ്ട്രാര്‍ പോര് ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് തര്‍ക്കങ്ങളും പോരാട്ടങ്ങളും ഹൈക്കോടതിയിലെത്തി. ആദ്യ ഘട്ടത്തില്‍ വിസിക്ക് അനുകൂലമായ നിലപാടാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നത്. രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി ആദ്യഘട്ടത്തില്‍ അംഗീകരിച്ചിരുന്നു. പിന്നീട് അദ്ദേഹം ട്രാന്‍സ്ഫര്‍ വാങ്ങിപ്പോകുകയും ചെയ്തിരുന്നു. പക്ഷേ അദ്ദേഹം നിയമപോരാട്ടം തുടര്‍ന്നു. സസ്‌പെന്‍ഷന്‍ കാലയളവില്‍ ഫയലുകള്‍ നോക്കിയതുമായി ബന്ധപ്പെട്ട് കെ എസ് അനില്‍ കുമാറിന് വി സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസ് അയയ്ക്കാന്‍ വി സിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിന്മേലാണ് കോടതി ഇപ്പോള്‍ നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്.കേരള സർവകലാശാലയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ചടങ്ങിൽ ഭാരതാംബാ ചിത്രത്തിന്റെ പേരിലുള്ള പ്രശ്നം വഷളാക്കിയത് രജിസ്ട്രാറാണെന്നായിരുന്നു വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ ആരോപണം. ഹാളിന് അനുമതി നിഷേധിച്ചത് ബാഹ്യസമ്മർദത്തിനു വിധേയമായാണെന്ന് പരാതിയുണ്ടെന്നും ഗവർണർക്കുള്ള റിപ്പോർട്ടിൽ വിസി ചൂണ്ടിക്കാട്ടിയിരുന്നു. ഭാരതാംബ ചിത്രം മതചിഹ്നമല്ലെന്നും ആശയക്കുഴപ്പമുണ്ടാക്കി ചടങ്ങ് അലങ്കോലമാക്കരുതെന്നും വിസി പറഞ്ഞിട്ടും രജിസ്ട്രാർ അനുസരിച്ചില്ലെന്നും വിസിയുമായി ആലോചിക്കാതെ സംഘാടകരുടെ പേരിൽ ഡിജിപിക്ക് പരാതിനൽകി തുടങ്ങിയവയും രജിസ്ട്രാറുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളായി വിസി ഉന്നയിച്ചിരുന്നു.എന്നാൽ, വിവാദചിത്രം ഒഴിവാക്കി സംഘർഷം ഒഴിവാക്കണമെന്ന് സംഘാടകരോട് അഭ്യർഥിക്കുകയാണ് ചെയ്തതെന്നാണ് രജിസ്ട്രാർ വിസിക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചാണ് വേദിയിൽ പോയത്. ഗവർണറോട് അനാദരവ് കാണിച്ചിട്ടില്ലെന്നും രജിസ്ട്രാർ അറിയിച്ചു. പിആർഒയും സെക്യൂരിറ്റി ഓഫീസറും നൽകിയ റിപ്പോർട്ടനുസരിച്ചാണ് ഹാളിന് അനുമതി റദ്ദാക്കിയതെന്നാണ് രജിസ്ട്രാറുടെ വാദം.