ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം. ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച പാളികളില്‍ സ്വര്‍ണത്തിന്റെ അളവ് കുറവുണ്ടെന്നാണ് വി.എസ്.എസ്.സി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദ്വാരപാലക ശില്പത്തിലെ പാളികളില്‍ നടത്തിയ താരതമ്യ പരിശോധനയിലാണ് സ്വര്‍ണത്തിന്റെ കുറവ് വ്യക്തമായതെന്നും റിപ്പോര്‍ട്ടിലുണ്ട്.
സന്നിധാനത്തെത്തി പാളികളുടെ സാമ്പിള്‍ ശേഖരിച്ചാണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്. ദ്വാരപാലക ശില്‍പ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനയാണ് നടത്തിയത്. ചെമ്പു പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവും കാലപ്പഴക്കവും പരിശോധിച്ചു. പരിശോധനഫലം കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഇന്നലെ എസ്‌ഐടിക്ക് കൈമാറിയിരുന്നു. നാളെ ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.